Menu :

Les guides de pêche

കോടി സൂര്യപ്രഭയുടെ കാന്തിയും ചൈതന്യവും തുളുമ്പി, ജീവിത പ്രയാസങ്ങളില്‍ നിന്നും മോചനം നല്‍കി വിദ്യ, മംഗല്യം സത്സന്താന ഭാഗ്യങ്ങളേകി കല്ലേലിക്കാവില്‍ ആശ്രയിക്കുന്നവര്‍ക്ക് വരദാനം നല്‍കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍. മിഴി നിറഞ്ഞ് മനമറിഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്താല്‍ സഫലീകരണമാകുന്നു.

ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ശക്തി ചൈതന്യം നിറഞ്ഞു കത്തുന്ന മഹാസന്നിധിയിലേക്ക് മനസ്സിനെ കുടിയിരുത്താം. ആദി ദ്രാവിഡ നാഗഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്നത് ഈ കാവിലാണ്. മതസൌഹാര്‍ദ്ദം എന്ന ഭാരതീയ സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി പരിലസിക്കുന്ന മധ്യതിരുവിതാംകൂറിലെ അതി പ്രാചീനവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. നാനാജാതി മതസ്ഥരുടെ സകല സന്താപങ്ങളുടേയും സംഹാരകേന്ദ്രം. അഷ്ൈടശ്വര്യങ്ങളുടെ വിളനിലം. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കാനനവാസന്‍ കുടികൊള്ളുന്ന കാവിലേക്ക്...

ഏകദേശം 1155 വര്‍ഷത്തെ പഴക്കമുള്ള കാവാണിതെന്ന് പഴമക്കാരുടെ വായ്മൊഴികളില്‍ നിറയുന്നു. പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാല്‍ അച്ചന്‍കോവില്‍, കോടമല തേവര്‍, കല്‍ച്ചിറ ഉടയോര്‍, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്. ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവില്‍ സ്ത്രീ ഭക്തരില്‍ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയില്‍ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്ന് ആദിഗോത്ര ചരിത്രപാട്ടില്‍ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയില്‍ നിന്നും അച്ചന്‍കോവിലെത്തി ഇവിടെ നിന്നും കോട്ടവാസല്‍ ലക്ഷ്യമാക്കി സങ്കല്പിച്ചുകൊണ്ട് അച്ചന്‍കോവില്‍ പുണ്യനദിക്കരയിലുള്ള കല്ലേലി മണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പന്‍ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ എന്ന നാമം ലഭിച്ചതെന്ന് ഐതീഹ്യം.