Hello
featuredGALLERY ചിത്രങ്ങള്‍Kavunews

കല്ലേലി പൂങ്കാവനത്തില്‍ ആയിരങ്ങള്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു

 

പത്തനംതിട്ട (കോന്നി ): പ്രതീക്ഷാനിർഭരമായ അന്തരീക്ഷത്തില്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനില്‍ മനമര്‍പ്പിച്ച ആയിരങ്ങള്‍ കല്ലേലി വനത്തില്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു . 999 മലകളെ പ്രതിനിധാനം ചെയ്യുന്ന സ്വര്‍ണ്ണ മലക്കൊടി ഊരാളിമാരുടെ ആര്‍പ്പോ വിളികളോടെ പൊങ്കാല നിവേദ്യം സ്വീകരിക്കാന്‍ എഴുന്നള്ളിച്ചു . കല്ലേലി മണ്ണില്‍ ഭക്തിയുടെ സൂര്യകിരണം വീശി . കല്ലേലി ഊരാളി അപ്പൂപ്പന്‍റെ പിറന്നാള്‍ ഭക്ത ലക്ഷങ്ങള്‍ പത്താമുദയമായി കൊണ്ടാടി ആത്മ സമര്‍പ്പണമായി പൊങ്കാല നേദിച്ചു .

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്തു ദിനം നിറഞ്ഞു നിന്ന ഉത്സവ ആഘോഷങ്ങളില്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായ വലിയ കരിക്ക് പടേനിയോടെ പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിക്കുകയും പ്രകൃതി സത്യങ്ങളെ സാക്ഷി നിര്‍ത്തി കല്ലേലിമണ്ണില്‍ ആയിരങ്ങള്‍ പൊങ്കാലകലങ്ങളില്‍ തങ്ങളുടെ കണ്ണീരും കിനാവും അർപ്പിച്ചു കൊണ്ട് സ്വയം സമർപ്പിതരായി.

കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് .പ്രേം കൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചു . പണ്ടാര അടുപ്പിൽ ദീപനാളങ്ങള്‍ പകർന്നതോടെ ആര്‍പ്പോ വിളികളുടെ അകമ്പടിയോടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പ്രയാണം തുടങ്ങി. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ വരെ പൊങ്കാല അടുപ്പുകൾ നിരന്നു.സംസ്ഥാനത്തിനു അകത്തും പുറത്തുനിന്നുള്ളവരും വിദേശ രാജ്യങ്ങളിലെ പഠിതാക്കളും പൊങ്കാലയുടെ പുണ്യം നുകരാനെത്തി.

കേന്ദ്ര സഹ മന്ത്രി അഡ്വ ജോര്‍ജ് കുര്യന്‍ , ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ , എംപി അടൂര്‍ പ്രകാശ്‌ , സി ആര്‍ മഹേഷ്‌ എം എല്‍ എ ,ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗം കെ സുരേന്ദ്രന്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാഹിത്യ മത സാമുദായിക ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പത്താമുദയ മഹോത്സവ ആശംസകള്‍ അര്‍പ്പിക്കാന്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തി .

Leave a Response