കല്ലേലി കാവില്‍ മണ്ഡല മകരവിളക്ക് മഹോത്സവം, മലക്കൊടി ദര്‍ശനം : നവംബര്‍ 17 മുതല്‍ ജനുവരി 15 വരെ
Kallely Kavu Mandala Makaravilaku Festival: November 17 to January 15
കല്ലേലി കാവ് മീഡിയ വിംഗ് : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ മുന്‍ നിര്‍ത്തി 999 മലകളെ ഉണര്‍ത്തിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ( മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 17 മുതല്‍ ജനുവരി 15 വരെയുള്ള അറുപത് ദിന രാത്രികളില്‍ ചിറപ്പ് മഹോത്സവമായി കൊണ്ടാടും .
മറ്റു ദേവാലയങ്ങളില്‍ മണ്ഡല കാലത്ത് മാത്രമാണ് ചിറപ്പ് നടത്തുന്നത് എങ്കില്‍ ശബരിമലയിലെ മകര വിളക്ക് ദിനം വരെയാണ് കല്ലേലി കാവില്‍ ചിറപ്പ് മഹോത്സവം നടക്കുന്നത് എന്നത് പ്രത്യേകതയാണ് .
നിത്യവും പ്രഭാതത്തിലും സന്ധ്യക്കും 41 തൃപ്പടി പൂജ നടക്കും . ഓരോ തൃപ്പടിയിലും തേക്കില നിവര്‍ത്തി അതില്‍ വിളക്ക് കൊളുത്തി ദക്ഷിണ സമര്‍പ്പിച്ച ശേഷം നെല്ല് വറുത്തു പൊടിച്ച വറ പൊടിയും കാര്‍ഷിക വിളകള്‍ ചുട്ടതും കലശവും കരിക്കും ചേര്‍ത്ത് മലയ്ക്ക് നിവേദിക്കുന്നു . നട വിളക്ക് , മന വിളക്ക് , കളരി വിളക്ക് തെളിയിച്ച ശേഷം ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജ എന്നീ പ്രകൃതി സംരക്ഷണ പൂജകള്‍ക്ക് ശേഷം കളരിയില്‍ താംബൂലം സമര്‍പ്പിച്ചു ഊരാളി വിളിച്ചു ചൊല്ലി ലോക സമാധാനത്തിനും കാര്‍ഷിക വിളകളുടെ ഐശ്വര്യത്തിനുമായി മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പിക്കും .
നിത്യവും രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകള്‍ , 8.45 വാനര ഊട്ട് , മീനൂട്ട് , 9 മണി മുതല്‍ 999 മലക്കൊടി ദര്‍ശനം ,മല വില്ല് പൂജ ,കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത പൂജ തുടര്‍ന്ന് നിത്യ അന്നദാനം .ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊട്ട് പൂജ , വൈകിട്ട് 6 മണി മുതല്‍ ചിറപ്പ് മഹോത്സവത്തിന്‍റെ ഭാഗമായുള്ള വിശേഷാല്‍ പൂജകള്‍ ,ചുറ്റു വിളക്ക് , ആല വിളക്ക് തെളിയിക്കല്‍ ,41 തൃപ്പടി പൂജ ,സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരം, ദീപാകാഴ്ച ,ചെണ്ട മേളം ,ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടക്കും എന്ന് മാനേജിംഗ് ട്രസ്റ്റി അഡ്വ സി വി ശാന്തകുമാര്‍ അറിയിച്ചു .