കുംഭപ്പാട്ടില്‍ സംപ്രീതനായി കല്ലേലി അപ്പൂപ്പന്‍ : ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി കാവൂട്ടി
കോന്നി ( പത്തനംതിട്ട ): ആദി ദ്രാവിഡ നാഗ ഗോത്ര ഇതിഹാസ വൃത്തങ്ങളായ കുംഭപാട്ടും , ഭാരതകളിയുടെ 1001 കാല്‍കളിയുടെ കാപ്പൊലിയ്ക്കും ദ്രുത താളം കൊട്ടി കേറി .രാത്രിയാമങ്ങളില്‍ പ്രകൃതിക്ക് നല്‍കേണ്ട എല്ലാ ഊട്ടുംപൂജയും അര്‍പ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആഴിപൂജയും കാവൂട്ടും നടന്നു .
ശബരിമലയിൽ ഗുരുതി പൂജ കഴിഞ്ഞതിന് ശേഷമാണ് ഈ ചടങ്ങ് നടന്നു വരുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ളതുംആദി ദ്രാവിഡ നാഗ ഗോത്ര ആചാരത്തിന്‍റെ ഭാഗമായാണ് ചടങ്ങുകള്‍ നടന്നത് .ഭാരതാംബയുടെ വിരിമാറില്‍ രൂപം കൊണ്ട കലാരൂപം ഭാരതകളി ,ദ്രാവിഡ കലയായ കുംഭ പാട്ട് എന്നിവയുടെ താളം മുറുകിയ മൂവന്തിയ്ക്ക് കാവിലെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഭദ്രദീപം തെളിഞ്ഞു . മല വില്ലിനെ നമസ്കരിച്ച് കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍ കടല്‍ വരെ ഉള്ള ദേശ കരകളെ വിളിച്ചു ചൊല്ലി .തുടര്‍ന്ന് പരമ്പു നിവര്‍ത്തി 101 കുലജാതകര്‍ക്ക് വേണ്ടി കാട്ടു പുന്നയില , കാട്ടു മല വാഴ ഇല ,തേക്കില എന്നിവയുടെ നാക്ക് നീട്ടിയിട്ട് മുറുക്കാന്‍ അടുക്കുകള്‍ ,ചുട്ട വിള വര്‍ഗ്ഗങ്ങള്‍ , കരിയ്ക്ക് , 101 കളരിയ്ക്കും 999 മലകള്‍ക്കും നിലവിളക്ക് ,വറ പൊടി ,മുളയരി നിവേദ്യം എന്നിവ സമര്‍പ്പിച്ചു .
കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി അതില്‍ ഹവിസുകള്‍ അര്‍പ്പിച്ചു .അകത്തും പുറത്തും ഉള്ള കളരികള്‍ക്ക് വെള്ളം കുടി നിവേദ്യം തളിച്ചു.ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളില്‍ നിറഞ്ഞു നിര്‍ത്തിക്കൊണ്ട് മലകളെ വിളിച്ചു കൊണ്ട് കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ആഴിപൂജയും വെള്ളം കുടി നിവേദ്യവും,കളരിപൂജയും ,41 തൃപ്പടി പൂജയും ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , സമുദ്ര പൂജ എന്നിവ ഏഴര വെളുപ്പിനെ വരെ നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,വിനീത് ഊരാളി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു .