Hello
news

ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും: അപൂര്‍വ അനുഷ്ഠാനപൂജ ജനുവരി 20 ന്

കോന്നി  : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  ഈ മാസം 20  നു( 2021  ജനുവരി 20 ബുധന്‍  ) നിറഞ്ഞാടും.

വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടക്കും.

ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍, വിനീത് ഊരാളി എന്നിവര്‍ കര്‍മങ്ങള്‍ക്കു ദീപനാളം പകരും.

കരകളുടെ നന്മക്കുവേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച് വിളിച്ചുചൊല്ലും. പരമ്പു  നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി തേക്കില നാക്ക് നീട്ടിയിട്ട് 101 നിലവിളക്ക് തെളിച്ച് കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത്, കരിക്ക്, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പു  എന്നിവ ചേര്‍ത്തു വച്ച് കളരി പൂജ സമര്‍പ്പിക്കും. കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച്  അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യം കലശമായി  തളിക്കും. 999  മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്പു, ഉണക്കപ്പാള, ഉണക്കകമ്പു ചേര്‍ത്തുള്ള കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി എന്നിവ നടക്കും.

ജനുവരി 20  -ന്  ഏഴരവെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ,  ഭൂമിപൂജ,  വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ,സമുദ്ര പൂജ,പ്രകൃതി സംരക്ഷണ പൂജ ,   രാവിലെ 8.30 വാനരപൂജ, വാനരഊട്ട്, മീനൂട്ട്,ആനയൂട്ട്, പ്രഭാത വന്ദനം ,പ്രഭാതപൂജ.

വൈകീട്ട് 6.30 നു ദീപ നമസ്‌കാരം, സന്ധ്യാ വന്ദനം രാത്രി 8 മണി മുതല്‍  ഭാരതക്കളി,തലയാട്ടം കളി , ചരിത്ര  പുരാതനമായ  കുംഭപ്പാട്ട് ,  41 തൃപ്പടി പൂജ ,  കളരിപൂജ ,ആഴിപൂജ,ആഴിസമര്‍പ്പണം , വെള്ളംകുടി നിവേദ്യം എന്നിവ ആരോഗ്യ വകുപ്പിന്‍റെ കോവിഡ് മാനദണ്ഡ പ്രകാരം  നടക്കുമെന്ന്  കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു.

Leave a Response