ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും; അപൂര്‍വ്വ അനുഷ്ഠാന പൂജ ജനുവരി 21 ന്
കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്‌ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 21 നു( 2020 ജനുവരി 21 ചൊവ്വ ) നിറഞ്ഞാടും .
വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്‌ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം , കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്‌ഥാനമായ കല്ലേലി കാവില്‍ നടക്കും .ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍ , വിനീത് ഊരാളി എന്നിവര്‍ കര്‍മ്മങ്ങള്‍ക്കു ദീപനാളം പകരും .
പന്തളം 18 കര, തട്ട 8 കര ,കോന്നി 300 കര, അരുവാപ്പുലം 500 കരകളുടെ നന്മക്കുവേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച് വിളിച്ചുചൊല്ലും . പരമ്ബു നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി തേക്കില നാക്ക് നീട്ടിയിട്ട് 101 നിലവിളക്ക് തെളിച്ച് കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത് . കരിക്ക്, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്ബു എന്നിവ ചേര്‍ത്തു വച്ച് കളരി പൂജ സമര്‍പ്പിക്കും . കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച് അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യംകലശമായി തളിക്കും .999 മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്ബു , ഉണക്കപ്പാള, ഉണക്കകമ്ബു ചേര്‍ത്തുള്ള കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി എന്നിവ നടക്കും .
ജനുവരി 21-ന് ഏഴരവെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ,സമുദ്ര പൂജ , രാവിലെ 8.30 വാനരപൂജ, വാനരഊട്ട്, മീനൂട്ട്,ആനയൂട്ട് , പ്രഭാതപൂജ, ഒന്‍പത് മണിക്ക് നിത്യഅന്നദാനം,വൈകീട്ട് 6.30 നു ദീപ നമസ്കാരം , സന്ധ്യാ വന്ദനം രാത്രി 8 മണി മുതല്‍ 41 തൃപ്പടി പൂജ , കളരിപൂജ ,ആഴിസമര്‍പ്പണം ,ആഴിപൂജ, വെള്ളംകുടി നിവേദ്യം, , ഭാരതക്കളി,തലയാട്ടം കളി , ചരിത്ര പുരാതനമായ കുംഭപ്പാട്ട് എന്നിവ നടക്കും എന്നു കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു