Hello
featurednews

താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്

ആദിവാസിസമൂഹങ്ങളുടെ അന്യംനിന്നുപോകാത്ത താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്. പാട്ടിൽ ദൈവതുല്യനായി കുറവസമുദായത്തിന്റെ പുരാവൃത്തങ്ങളിൽ വാഴുന്ന കല്ലേലി അപ്പൂപ്പന്റെ ചരിതം നിറയുന്നു. ഏഴുരാവുകൾ തീർത്തുപാടിയാലും തീരാത്തപാട്ടിലെ ചൊല്ലുകളിൽ പടിഞ്ഞാറു തിരുവാർക്കടൽ മുതൽ കിഴക്ക് പാണ്ടിനാടു വരെയുള്ള ദേശചരിത്രം കേട്ടെടുക്കാം. അച്ചൻകോവിൽ വഴി ശബരിമലയ്ക്കുള്ള കാനനപാതയിൽ അരുവാപ്പുലം കരയിലെ കല്ലേലി ഊരാളി അപ്പൂപ്പൻകാവിലാണ് ആചാരപരമായ കുംഭപ്പാട്ട് അനുഷ‌്ഠിക്കുന്നത്. അപ്പൂപ്പൻകാവിലെ ഉപദേവപ്രതിഷ്ഠകളായ ഭാരതപ്പൂങ്കുറവനും പൂങ്കുറത്തിയും കുറവസമുദായത്തിനുള്ള ഊരാണ്മ വിളിച്ചോതുന്നു. ഊരാളി പരമ്പരകളുടെ പ്രതീകമായ അപ്പൂപ്പൻ വീരയോദ്ധാവും മാന്ത്രികനും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്നുവെന്ന് വാമൊഴിയിലുണ്ട്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ദേശസഞ്ചാരത്തിനിടയിലെ അപ്പൂപ്പന്റെ പ്രവൃത്തികളിൽ ശത്രുനിഗ്രഹവും രോഗശമനവും പ്രകൃതിദുരന്തങ്ങളെ തടുത്തുനിർത്തലും വിവരിക്കുന്നു. മണ്ണടിദേശത്ത് ജനിച്ച അപ്പൂപ്പൻ ശബരിമലയും അച്ചൻകോവിലുമടക്കം ആയിരത്തോളം മലകളുടെ ഊരാളിയായിരുന്നു. അച്ചൻകോവിൽ ദേശത്തിന് മധുരരാജാവിന്റെ ആക്രമണം ഉണ്ടായപ്പോൾ അപ്പൂപ്പൻ കോട്ടവാസലിലെത്തി കാട്ടുകടന്നലുകളെ വിട്ട് മധുരസേനയെ തുരത്തി ദേശത്തെ സംരക്ഷിച്ചു നിർത്തിയ കഥയും പാട്ടിലുണ്ട്. കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ ചുറ്റുമരങ്ങളിൽ കാട്ടുകടന്നലിന്റെ വലിയ കൂട്ടങ്ങൾ പഴയ സ്മരണകളുണർത്തി ഇപ്പോഴും കാണാം.

Leave a Response