കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) കാവൂട്ടും പാരമ്പര്യകലാരൂപങ്ങളുടെ സംഘമവും നാളെ (21/01/2019 )
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) കാവൂട്ടും പാരമ്പര്യകലാരൂപങ്ങളുടെ സംഘമവും നാളെ (21/01/2019 )
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) കാവൂട്ടും ആദി ദ്രാവിഡ നാഗ ഗോത്ര ജനത വനാന്തരങ്ങളില്‍ മാത്രം അനുഷ്ഠിച്ചു വന്നിരുന്ന മല പൂജയും ദ്രാവിഡ ആരാധയും നാളെ (21/01/2019 )നടക്കും .ശബരിമലയിലെ ഗുരുതി പൂജകള്‍ക്ക് ശേഷം നൂറ്റാണ്ടുകളായി കാവില്‍ നടന്നു വരുന്ന ചടങ്ങായ ആഴി പൂജയോട് ചേര്‍ന്നുള്ള വെള്ളം കുടി നിവേദ്യം , കളരി പൂജ ,ഭൂമി പൂജ ,വൃക്ഷ -ജല -അഗ്നി -വായു സംരക്ഷണ പൂജകള്‍ എന്നിവ രാത്രി യാമങ്ങളില്‍ സമര്‍പ്പിക്കും .
പരമ്പു നിവര്‍ത്തി 101 കുലജാതര്‍ക്ക് വേണ്ടി തേക്കില നീട്ടിയിട്ട് മുറുക്കാന്‍ അടുക്കുകള്‍, കനലില്‍ ചുട്ട കാര്‍ഷിക വിളവര്‍ഗ്ഗങ്ങള്‍, കരിക്ക് ,വറപ്പൊടി ,മുളയരി നിവേദ്യം ,കലശം ,കാട്ടു തേന്‍ ,നൂറാന്‍ ,കാട്ടു വിഭവങ്ങള്‍ വെച്ച് കാട്ടു വിറകുകള്‍ കൂട്ടി ഹവിസ്സുക്കല്‍ അര്‍പ്പിച്ച് അഗ്നി ജ്വലിപ്പിക്കും .അകത്തും പുറത്തുമുള്ള കളരികളില്‍ വെള്ളം കുടി നിവേദ്യം തളിക്കും . 999 മലകളേയും ഉണര്‍ത്തിച്ച് കരിക്ക് പടേനി നടത്തി വിളിച്ച് ചൊല്ലും . ഏഴര വെളുപ്പിനെ വരെ നീളുന്ന ദ്രാവിഡ പൂജകള്‍ പ്രകൃതിയ്ക്കും മാനവകുലത്തിനും സമര്‍പ്പിക്കും .
ഭാരതാംബയുടെ വിരിമാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതകളി ,തലയാട്ടം കളി ,ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവയുടെ അകമ്പടിയോടെ കാവ് ഉണര്‍ത്തി മല വില്ലന്‍മാരെ ഇണക്കി കെട്ടി പ്രീതിപ്പെടുത്തും . വെളുപ്പിനെ 4.30 നു കാവ് ഉണര്‍ത്തല്‍ മല ഉണര്‍ത്തല്‍ കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം ,മലയ്ക്ക് കരിക്ക് പടേനി ,ഭൂമി -വൃക്ഷ -ജല -സസ്യ -പ്രകൃതി സംരക്ഷണ പൂജ 8.30 നു വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ ,9 മണിയ്ക്ക് നിത്യ അന്നദാനം ,വൈകിട്ട് ദീപനമസ്കാരം , രാത്രി 9 മണിമുതല്‍ ദ്രാവിഡ പൂജയും ആഴിപൂജയും വെള്ളം കുടി നിവേദ്യവും നടക്കും എന്നു കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു .