ദ്രാവിഡ പൂജയുള്ള കാനന ക്ഷേത്രം .. !!
കല്ലേലി ശ്രീ ഊരാളി അപ്പൂപ്പൻ കാവിനെ കുറിച്ചറിയാമോ ? മലയോര ഗ്രാമമായ കോന്നി എലിയറക്കൽ നിന്നും അച്ചൻകോവിൽ കാനന പാതയിലൂടെ 8 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി പൂജയുള്ള പുരാതനമായ കേരളത്തിലെ ഏക കാനന ക്ഷേത്രത്തിൽ എത്താം.. താംബൂലം സമർപ്പിച്ചുള്ള പ്രാർത്ഥനയാണ് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പ്രധാന വഴിപാട്. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, നാണയം, തെങ്ങിൻ കള്ള് എന്നിവ കാട്ടു തേക്കിലയിലാക്കിയാണ് അപ്പുപ്പന് സമർപ്പിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കാണ് താംബൂല സമർപ്പണം. താംബൂലം സമർപ്പിച്ചാൽ ഊരാളി മല ദൈവങ്ങളെയും ,പ്രകൃതിയേയും ,ഭൂമിയേയും ,സകല ചരാചരങ്ങളെയും ,മല അപ്പൂപ്പനെയും വിളിച്ചുചൊല്ലി പ്രാർത്ഥിക്കും .കാല ദോഷം എന്തെന്ന് അരുളിപാട് നൽകും . ഇവിടെ നടക്കുന്ന മുട്ടിറക്ക് വഴിപാട്, വിത്ത്, കരിക്ക്, കമുകിൻപൂക്കുല, പുഷ്പം, കലശം, താംബൂലം എന്നിവ ചേർത്ത് മലയ്ക്കുള്ള പടേണി എന്നിവ പ്രശസ്തമാണ്. ആനയൂട്ട് , വാനരയൂട്ട് ,മീനൂട്ട് തുടങ്ങി ജീവജാലങ്ങൾക്കായുള്ള പ്രാർത്ഥനയും,പൂജയും ഈ കാനന ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്