സത്യം വദഃ ധര്‍മ്മം ചരഃ
ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്.
കേരളം പരശുരാമനാല്‍ സൃഷ്ടിതമായ പുണ്യഭൂമി. പുല്ലിനേയും പുഴുക്കളേയും മണ്ണിനേയും മരങ്ങളേയും സര്‍വ്വ പ്രപഞ്ചസത്യത്തേയും ഈശ്വരചൈതന്യമായി കാണുന്ന പുണ്യ സ്ഥലം.എന്തിനേയും ഏതിനേയും മനസ്സിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് ശാന്തി കവാടം തുറക്കുന്ന ക്ഷേത്ര സങ്കല്പങ്ങള്‍.
ആരാധനാലയങ്ങളില്‍ കലുഷിതമായ മനസ്സുമായി ചെന്നെത്തുമ്പോള്‍ തങ്ങള്‍ ആശ്രയിക്കുന്ന രൂപത്തിനു മുന്നില്‍ സകല സങ്കടങ്ങളും ഇറക്കിവയ്ക്കുമ്പോള്‍ തിരമാലകള്‍പ്പോലെ അലയടിക്കുന്ന ചിന്തകള്‍ക്ക് അല്പം കടിഞ്ഞാണിടാനും മനഃസമാധാനം എന്ന മഹാ ഔഷധത്തിന്റെ ഒരു തുള്ളി നുകര്‍ന്ന് ആത്മ ഹര്‍ഷത്താല്‍ സംഘര്‍ഷമൊഴിഞ്ഞ മനസ്സുമായി ഗൃഹത്തിലണയുന്നവര്‍ എന്നും പ്രാര്‍ത്ഥനയിലാണ്… ദൈവം രക്ഷിക്കും എന്ന വിശ്വാസം കൂടെയുണ്ട്.
ആര്‍പ്പ് വിളികളാല്‍ മുഖരിതമാവുകയാണ് ദേശത്തിന്റെ ആഘോഷങ്ങളുടെ നിലപാടു തറകള്‍. പൂരത്തിനും, പെരുന്നാളിനും കൊടിക്കൂറ പൊങ്ങിയാല്‍ …. കാഴ്ചകളായി. കാഴ്ചപ്പൂരമായി. ആവര്‍ത്തിക്കുന്നത് ആചാരവും, അനുഷ്ഠാനവും മാത്രം. പത്തു പുത്രന്മാര്‍ക്ക് സമം ഒരു വൃക്ഷം എന്നതാണ് ശരി. വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട കാവുകള്‍ ജീവശ്വാസത്തിന്റെ നിറകുടമാണ്. ആദ്യം കാവുകള്‍ ഉണ്ടായി. കാവുകളില്‍ ഈശ്വര സാന്നിധ്യം ഉണ്ടെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു. അവിടെ ദേവതമാരുണ്ടായി. കാവുകള്‍ ക്ഷേത്രമായതും ദേവതമാര്‍ ദേവിമാരായതും പില്‍കാല ചരിത്രം. കാവുകളില്‍ വച്ച് നീതിയും അനീതിയും സത്യവും അസത്യവും വേര്‍തിരിഞ്ഞു. അങ്ങിനെ കാവുകള്‍ സങ്കേതങ്ങളായി. കാവുകളിലെ സത്യത്തിന് ശക്തിയുണ്ടായപ്പോള്‍ ആരാധനയ്ക്കായി കാവുകളില്‍ ബിംബപ്രതിഷ്ഠ ഉണ്ടായി. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവുകളില്‍ സത്യവും, നീതിയും കെടാവിളക്കാവുന്നു.
ഈശ്വര സങ്കല്പങ്ങളെ വിശ്വസിക്കുന്ന മലയാളക്കരിയില്‍ നിന്നും പൂര്‍ണ്ണമായും ആരാധനാലയങ്ങളെ ആധികാരികമായി പരിചയപ്പെടുത്തുന്ന വെബ് സൈറ്റാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ പുണ്യ ദര്‍ശനം. മധ്യതിരുവിതാം കൂറിലെ പ്രശസ്തമായ കോന്നി കല്ലേലി ശ്രീ. ഊരാളി അപ്പൂപ്പന്‍ കാവിന്റെ ആചാരവും, അനുഷ്ഠാനവും ചരിത്രവും ഉള്‍ക്കൊള്ളുന്ന പതിപ്പില്‍ മറ്റിതര ക്ഷേത്ര ആചാരങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. താളുകള്‍ മറിക്കുമ്പോള്‍ നമ്മളാഗ്രഹിച്ച ക്ഷേത്രത്തില്‍ എത്തിയ അനുഭവം ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന തരത്തില്‍ അക്ഷരങ്ങളെ പൂജാമലരുകളായി കോര്‍ത്തിണക്കുകയാണ്. നഗ്ന നേത്രംകൊണ്ട് കാണാന്‍ കഴിയാത്ത മനസ്സാണ് ദൈവം. ആ തിരിച്ചറിവ് ഉണ്ടായാല്‍ സകല മാനസിക സംഘര്‍ഷങ്ങള്‍ക്കും അയവുവരും. ഒന്നുമാത്രം മന്ത്രിക്കുക സത്യം വദഃ ധര്‍മ്മം ചരഃ
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്
കോടി സൂര്യപ്രഭയുടെ കാന്തിയും ചൈതന്യവും തുളുമ്പി, ജീവിത പ്രയാസങ്ങളില്‍ നിന്നും മോചനം നല്‍കി വിദ്യ, മംഗല്യം സത്സന്താന ഭാഗ്യങ്ങളേകി കല്ലേലിക്കാവില്‍ ആശ്രയിക്കുന്നവര്‍ക്ക് വരദാനം നല്‍കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍. മിഴി നിറഞ്ഞ് മനമറിഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്താല്‍ സഫലീകരണമാകുന്നു.
ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ശക്തി ചൈതന്യം നിറഞ്ഞു കത്തുന്ന മഹാസന്നിധിയിലേക്ക് മനസ്സിനെ കുടിയിരുത്താം. ആദി ദ്രാവിഡ നാഗഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്നത് ഈ കാവിലാണ്. മതസൌഹാര്‍ദ്ദം എന്ന ഭാരതീയ സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി പരിലസിക്കുന്ന മധ്യതിരുവിതാംകൂറിലെ അതി പ്രാചീനവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. നാനാജാതി മതസ്ഥരുടെ സകല സന്താപങ്ങളുടേയും സംഹാരകേന്ദ്രം. അഷ്ൈടശ്വര്യങ്ങളുടെ വിളനിലം. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കാനനവാസന്‍ കുടികൊള്ളുന്ന കാവിലേക്ക്…
ഏകദേശം 1155 വര്‍ഷത്തെ പഴക്കമുള്ള കാവാണിതെന്ന് പഴമക്കാരുടെ വായ്മൊഴികളില്‍ നിറയുന്നു. പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാല്‍ അച്ചന്‍കോവില്‍, കോടമല തേവര്‍, കല്‍ച്ചിറ ഉടയോര്‍, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്. ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവില്‍ സ്ത്രീ ഭക്തരില്‍ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയില്‍ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്ന് ആദിഗോത്ര ചരിത്രപാട്ടില്‍ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയില്‍ നിന്നും അച്ചന്‍കോവിലെത്തി ഇവിടെ നിന്നും കോട്ടവാസല്‍ ലക്ഷ്യമാക്കി സങ്കല്പിച്ചുകൊണ്ട് അച്ചന്‍കോവില്‍ പുണ്യനദിക്കരയിലുള്ള കല്ലേലി മണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പന്‍ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ എന്ന നാമം ലഭിച്ചതെന്ന് ഐതീഹ്യം.
സമഭാവനയുടെ പുകള്‍പ്പെറ്റ സന്നിധാനമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്
ദ്വാപര യുഗത്തില്‍ ത്രിമൂര്‍ത്തികളാല്‍ സങ്കല്‍പ്പിക്കപ്പെട്ട പഞ്ചപാണ്ഡവരാണ് കേരളത്തിലെ അഞ്ച് ശാസ്താ ക്ഷേത്രങ്ങളില്‍ വാഴുന്നതെന്ന് ഐതീഹ്യം. 101 പേരായ കൌരവന്മാര്‍ 101 മലകളായി തീര്‍ന്നതായും അങ്ങിനെ 101 മലകളെ വിളിച്ചാണ് നാം പ്രാര്‍ത്ഥിക്കുന്നതെന്നാണ് സങ്കല്പം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ മല ദേവനാണ്. ഇതിനാല്‍ മലദൈവപ്രീതിക്കായി വഴിപാട് നടത്തുന്നത് പ്രധാന ചടങ്ങാണ്.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ പ്രപഞ്ച ശക്തിയാണ്. ഇതിനാല്‍ രൂപവും ഭാവവും ഇല്ല. പക്ഷേ മനമുരുകി വിളിച്ചാല്‍ ആഗ്രഹ സഫലീകരണം ഉറപ്പ്. ശ്രീ.കല്ലേലി ഊരാളി അപ്പൂപ്പന്‍ കുടികൊള്ളുന്ന ഈ കാവില്‍ കൂടുകൂട്ടുന്ന പറവകളും, ചീവീടുകളും വാനരന്മാരുമെല്ലാം ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്റെ നാമം സദാ മൂളുന്നു. അച്ചന്‍കോവില്‍ ക്ഷേത്രവുമായി ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന് ബന്ധമുണ്ട്. കോന്നി എലിയറയ്ക്കലില്‍ നിന്നും 7 കിലോമീറ്റര്‍ കിഴക്കുമാറി കുടികൊള്ളുന്ന ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന് മുന്നില്‍ കാണിക്കയിട്ട് അനുവാദം വാങ്ങിയ ശേഷമേ അച്ചന്‍കോവില്‍ ക്ഷേത്ര തീര്‍ത്ഥാടകര്‍ ഇതുവഴി യാത്രയാകൂ. കോന്നി എലിയറയ്ക്കലില്‍ നിന്നും കല്ലേലി ശ്രീ. ഊരാളി അപ്പൂപ്പന്‍ സന്നിധിയിലേക്ക് ഉള്ള പ്രയാണത്തില്‍ കല്ലേലി ശിവക്ഷേത്രത്തിലുമെത്തി മഹേശ്വരനെ വണങ്ങാം. സംഹാരരുദ്രനായ കൈലാസേശ്വരന്റെ അനുഗ്രഹവും വാങ്ങി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദര്‍ശനം നടത്താം. ഉമാമഹേശ്വരന്മാരുടെ ശക്തി ചൈതന്യം കല്ലേലി ശിവക്ഷേത്രത്തിലും നിറഞ്ഞു കത്തുന്നു. ഇവിടെ നിന്നും ഏതാനും കാതമേയുള്ളൂ പുണ്യപുരാതനമായ ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലണയാന്‍.
യാതനയില്‍ ശാന്തിയേകാന്‍ കാതിലിമ്പമേകുവാനായി അപ്പൂപ്പന്റെ ഗീതകങ്ങള്‍ കൂട്ടിനുണ്ട്. കലുഷിതമായ മനസ്സുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെത്തി താമ്പൂലം സമര്‍പ്പിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഇളം തെന്നലില്‍ അപ്പൂപ്പന്റെ അനുഗ്രഹകടാക്ഷത്താല്‍ ശാന്തമായ മനസ്സുമായി ഗൃഹത്തിലണയാം. കലിയുഗത്തിലെ സകല ആപത്തില്‍ നിന്നും രക്ഷിക്കുവാന്‍ കഴിവുള്ള അവതാര മൂര്‍ത്തി കുടികൊള്ളുന്ന മണ്ണാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. വിസ്തൃതമായ കാവില്‍ ആചാരങ്ങളും അനുഷ്ഠാനവും ആദി ദ്രാവിഡ സങ്കല്പത്തിലുള്ളതായതിനാല്‍ ആധി വ്യാധികളും സര്‍വ്വ അസ്വസ്ഥതകളും മാഞ്ഞ് ീതിരഹിതവും സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്ന ഭക്തജനതയുടെ ഉറച്ച വിശ്വാസം ഏതൊരു ഭക്തര്‍ക്കും ഈ പുണ്യദര്‍ശനം അനുഭവേദ്യമായ സിദ്ധൌഷധമായി മാറുന്നു. സമഭാവനയുടെ പുകള്‍പ്പെറ്റ സന്നിധാനമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്.
ചരിത്ര രേഖകള്‍
പുണ്യ നദിയായ അച്ചന്‍കോവിലാറിന്റെ തീരത്താണ് അരുവാപ്പുലം എന്ന മനോഹരമായ ഗ്രാമം. ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗം തമിഴ്നാടിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. തമിഴകവുമായി നൂറ്റാണ്ടുകളുടെ ഇഴചേര്‍ന്ന ബന്ധമാണ് അരുവാപ്പുലത്തിനുള്ളത്. അരുവാപ്പുലം പഞ്ചായത്തിലാണ് കല്ലേലിക്കാവ് സ്ഥിതിചെയ്യുന്നത്.
അരുവ എന്ന വാക്കിന് സൌന്ദര്യമുള്ള, സുന്ദരി എന്നെല്ലാം അര്‍ത്ഥമുണ്ട്. പുലം എന്ന വാക്കിന് വയല്‍ എന്നും പുരയിടം എന്നും അര്‍ത്ഥങ്ങളുണ്ട്. അങ്ങനെ വരുമ്പോള്‍ അരുവാപ്പുലം എന്ന നാമകരണത്തിന് പൂര്‍വ്വസൂരികള്‍ കല്പിച്ചത് മനോഹരമായ പുരയിടങ്ങളും, കൃഷിസ്ഥലങ്ങളുമുള്ള പ്രദേശം എന്നു തന്നെയാണ്. തമിഴ് ഭാഷയില്‍ അരുവ എന്ന വാക്കിന് കുലസ്ത്രീ, സുന്ദരി എന്നെല്ലാം അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തിലും ഈ നാമകരണം അന്വര്‍ത്ഥമാണ്. ദ്രാവിഡ വാണിയായ തമിഴും മലയാളവും ചേര്‍ന്ന് ഒരു സങ്കര ഭാഷ അന്നത്തെ ജനസമൂഹത്തിനിടയില്‍ പ്രചരിപ്പിച്ചിരുന്നു.
പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന കോന്നിയും ഇതിനോട് ചേര്‍ന്ന കരകളും. പാണ്ഡ്യരാജവംശമായിരുന്നല്ലോ അന്ന് ഭരണാധികാരികള്‍. അരുവാപ്പുലത്തിന്റെ കിഴക്ക് വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്നാടിന്റെ ഭാഗവും പന്തളം പഞ്ചായത്തിന്റെ വിവിധ കരകളും ചേര്‍ന്ന വിസ്തൃതമായ ഭൂവിഭാഗം പാണ്ഡ്യവംശ രാജാക്കന്മാരുടെ ഭരണപ്രദേശമായിരുന്നു. ശത്രുക്കളുടെ നിരന്തര ആക്രമണത്താല്‍ ആസ്ഥാന ഭരണകേന്ദ്രമായിരുന്ന മധുരവിട്ട് തിരുവിതാംകൂര്‍ രാജവംശത്തിന്റെ സഹായത്തോടെ അവര്‍ അച്ചന്‍കോവില്‍, കോന്നിയൂര്‍, പന്തളം എന്നീ സ്ഥലങ്ങളില്‍ സ്ഥിരമാക്കിയ ചരിത്രമുണ്ട്. കോന്നിയൂര്‍ ലോപിച്ച് കുറേക്കൂടി മലയാളീകരിച്ച് കോന്നിയാവുകയാണുണ്ടായത്.
പന്തളം ശാസ്താക്ഷേത്രം, അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം, കുളത്തൂപ്പുഴ ക്ഷേത്രം, ഐരവണ്‍ പുതിയകാവ് ക്ഷേത്രം എന്നീ പുണ്യ ക്ഷേത്ര സങ്കേതങ്ങള്‍ പാണ്ഡ്യരാജ വംശത്തിന്റെ ആരാധനാ കേന്ദ്രങ്ങളായിരുന്നു. അച്ചന്‍കോവിലിലേക്കുള്ള തീര്‍ത്ഥാടന യാത്രാ മദ്ധ്യേ ഇളകൊള്ളുന്ന രണ്ട് ക്ഷേത്രപരിസരങ്ങളായിരുന്നു ഇളകൊള്ളൂര്‍ ക്ഷേത്രനടയും ഇളയാംകാവും. ഇളയാംകാവ് പിന്നീട് എള്ളാംകാവ് എന്ന നാമരൂപത്തിലായി .
പുതിയകാവ് ക്ഷേത്രനടയില്‍ രാജവംശത്തിന്റെ അംഗരക്ഷകര്‍ക്ക് ആയോധനവിദ്യ അഭ്യസിപ്പിച്ചിരുന്ന ചരിത്രവും ഉണ്ട്. അച്ഛന്‍കോവില്‍ അന്നക്കൊടി സൂക്ഷിച്ചിരിക്കുന്നതും പുതിയകാവ് ക്ഷേത്രത്തിലാണ്. കറുപ്പനൂട്ട് എന്ന അനുഷ്ഠാന ചടങ്ങ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ ഇപ്പോഴും ഉണ്ട്. പണ്ട് എള്ളാംകാവ് ക്ഷേത്രക്കടവിലെ മണല്‍പ്പുറത്തായിരുന്നു ഇത് നടത്തിയിരുന്നത്എന്നാണ് ഐതീഹ്യം.
1175 മുതല്‍ 1795 വരെ തിരുവിതാംകൂര്‍ രാജാവായിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മ പന്തളം രാജവംശത്തിന് ചില സ്ഥലങ്ങള്‍ നല്‍കിയിരുന്നതായി സൂചിപ്പിക്കുന്ന രേഖകള്‍ കണ്ടിട്ടുണ്ട്. കായംകുളം രാജാവുമായിട്ടുള്ള യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മയെ ഇവര്‍ സഹായിച്ചിരുന്നതിന്റെ കൃതജ്ഞതയായിട്ടായിരിക്കണം ഏതാനും ഗ്രാമങ്ങളുടെ ഭരണഭാരം ഇവരെ ഏല്‍പ്പിക്കുവാന്‍ കാരണം. ടിപ്പുവിനെ നേരിടുന്ന കാലത്ത് ധര്‍മ്മരാജാവ് പന്തളം രാജാവിനോട് ധനസഹായം ആവശ്യപ്പെട്ടതായും രേഖകള്‍ ഉണ്ട്. യുദ്ധത്തിന്റെ കടം അടച്ചുതീര്‍ക്കാനായി പന്തളം രാജാവ് കൊല്ലവര്‍ഷം 969-ാമാണ്ട് കങ്ങയിനാട് കണക്കു നാരായണന്‍ കാളിയന്‍ എന്ന നായര്‍ പ്രഭുവിന് 26400 രൂപയ്ക്ക് രാജ്യം പണയാധാരം കൊടുത്തതായും ചില രേഖകള്‍ ഉണ്ട്. അങ്ങനെ കോന്നിയൂര്‍, മലയാലപ്പുഴ ഉള്‍പ്പെടെ കാളിയന്റെ അധീനതയിലായി. പിന്നീടൊരിക്കല്‍ രാജാവ് തിരുവിതാംകൂറില്‍ നിന്നും കാളിയനു തുക നല്‍കി ഋണബാദ്ധ്യത ഇല്ലാതാക്കി. തിരുവിതാംകൂറിന് നല്‍കാനുള്ള പണം നല്‍കുന്നതില്‍ പന്തളം രാജാവ് വീഴ്ചവരുത്തിയതിനാല്‍ ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായി മാറി. പിന്നീട് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് നല്‍കിയ പെന്‍ഷന്‍ വാങ്ങിക്കൊണ്ട് പന്തളം രാജാക്കന്‍മാര്‍ സ്ഥാനം വച്ചൊഴിഞ്ഞു എന്നാണ് ചരിത്ര രേഖകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഊരാളി
തമിഴ് കലര്‍ന്ന കാനറീസ് ഭാഷയിലാണ് ഊരാളി വിഭാഗം സംസാരിക്കുന്നതെന്നാണ് വന ഗവേഷകര്‍ പറയുന്നത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഊരാളികളെ കാണാം. കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നും വന്നവരാണ് തങ്ങളെന്നാണ് ഊരാളി വിഭാഗത്തിന്റെ വിശ്വാസമെന്ന് വനശാസ്ത്രം പറയുന്നു. ചെറിയ കുടിലുകളിലാണ് ഊരാളികളുടെ താമസം. വന്യമൃഗശല്യം ഒഴിവാക്കാന്‍ മരത്തില്‍ ഏറുമാടം കെട്ടി താമസിക്കുന്നവരുണ്ട്.
ഊരാളി ഗോത്രതലവന്‍ കാണിക്കാരന്‍ എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തെ സഹായിക്കാനായി പ്ളാത്തിയുണ്ട്. പ്ളാത്തിയാണ് മന്ത്രവാദം നടത്തുന്നതും മരുന്നുകള്‍ നല്‍കുന്നതും. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്ളാത്തിയുടെ അറിയിപ്പില്‍ എത്തുന്ന കാണിക്കാരന്‍ അതിനു പരിഹാരം നിര്‍ദ്ദേശിക്കും. മലദൈവ ങ്ങളെ വിളിച്ചു ചൊല്ലിയാണ് സാധാരണ അറിയിപ്പ് നല്‍കുന്നത്. പേരും, നാളും ഉറക്കെ ചൊല്ലിവിളിച്ച് പരിഹാരക്രീയകള്‍ നിര്‍ദ്ദേശിക്കും.
ഊരാളികളുടെ ആരാധനാമൂര്‍ത്തി പാലയരയനാണ് ഡിസംബര്‍ ജനുവരി മാസത്തെ തായ് നോമ്പാണ് പ്രധാന വിശേഷം. വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി കന്നുകാലികളെ കുളിപ്പിച്ച് അലങ്കരിച്ച് നിര്‍ത്തും .സദ്യ ഒരുക്കുന്നതിനോടൊപ്പം വീടിനു മുന്നില്‍ വലിയ പാത്രം വച്ച് അതില്‍ വെള്ളം നിറച്ച് ഉപ്പും ചേര്‍ത്ത് കന്നുകാലികള്‍ക്ക് നല്‍കും. ഊരാളികള്‍ തുള്ളി ഉറഞ്ഞ് പറയുന്ന വാക്കുകള്‍ പച്ചിലയും കത്രികയും പോലെയാണ്. അതാണ് സത്യം.