Hello
featurednews

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് ഏറെ പ്രിയപ്പെട്ട വഴിപാടുകള്‍

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്

 

സര്‍വ്വ ഐശ്വര്യ പൂജ, പ്രകൃതി സംരക്ഷണ പൂജ, സ്ഥലകാല ദോഷപൂജ, ശത്രു സംഹാരപൂജ, വ്യാപാര ഐശ്വര്യ പൂജ, വാഹന ഐശ്വര്യ പൂജ, മംഗല്യപൂജ, വിദ്യാഭ്യാസ പൂജ, സന്താനസൌഭാഗ്യ പൂജ, മൃഗസംരക്ഷണ പൂജ, രോഗശാന്തി പൂജ, പിതൃപൂജ, പ്രശ്നചിന്ത പരിഹാര പൂജ എന്നിവ പ്രധാന പൂജകളായി സമര്‍പ്പിക്കാം. ആദിത്യ പൊങ്കാലയും മലയ്ക്ക് പടേണിയുമാണ് പ്രസിദ്ധം, സര്‍വ്വൈശ്വര്യത്തിന് വേണ്ടി അച്ചന്‍കോവിലാറ്റില്‍ ഭക്തര്‍ തെളിയിക്കുന്ന വിളക്കാണ് കല്ലേലി വിളക്ക്. ദീപനാളങ്ങള്‍ സര്‍വ്വദോഷത്തേയും കരിച്ച് കളയും. ദീപങ്ങള്‍ മുകളിലേക്ക് മാത്രമേ കത്തൂ. ഇതേപോലെ ഭക്തര്‍ക്ക് എന്നും ഉയര്‍ച്ചയുണ്ടാകാനാണ് അച്ചന്‍കോവിലാറ്റില്‍ കല്ലേലിവിളക്ക് തെളിയിക്കുന്നത്. കരിക്ക് പടേനിക്കായി നാനാദിക്കില്‍ നിന്നും ഭക്തര്‍ ഒഴുകിയെത്തും. കരിക്ക് പടേനിക്ക് ആവശ്യമായ കരിക്ക് വിവിധ കരകളില്‍ നിന്നും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കാറാണ് പതിവ്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഉപസ്വരൂപങ്ങളും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. നാഗങ്ങളെ പ്രതിഷ്ഠിച്ച് പൂജചെയ്യുന്ന മണ്ണാറശാലയും, വെട്ടിക്കോടും പ്രസിദ്ധം തന്നെ . കല്ലേലി ഊരാളിക്കാവിലും നാഗരാജനും നാഗദേവതയും വാണരുളുന്നു.

ഭാരതപ്പൂങ്കുറവന്‍ പൂങ്കുറത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക കാവും കല്ലേലി കാവ് തന്നെ. ഊരാളി അപ്പൂപ്പന്‍സേവ, ആദിത്യപൂജ, മലപൂജ, ഗണപതിപൂജ, പരാശക്തിപൂജ, ഗജപൂജ, ഗന്ധര്‍വ്വപൂജ, യക്ഷിപൂജ, മൂര്‍ത്തിപൂജ, കുട്ടിച്ചാത്തന്‍ പൂജ, വടക്കഞ്ചേരി അച്ചന്‍ പൂജ, കൊച്ചുകുഞ്ഞ് അറുകൊല പൂജ, വാനരപൂജ, മീനൂട്ട് പൂജ എന്നിവ ഉപസ്വരൂപ പൂജകളായി ഇവിടെ നടത്തപ്പെടുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ വാഹനം ആനയായതിനാല്‍ ശര്‍ക്കരയും പഴങ്ങളും നല്‍കിയിട്ടുള്ള ആനയൂട്ടും കാവില്‍ നടന്നുവരുന്നു. തിരുമുമ്പില്‍ പറയിടീലും, താമ്പൂല സമര്‍പ്പണത്തിനുമായി കാവിലെത്തുന്നവര്‍ ശരണവഴിയിലാണ്. കരിക്കിന്റെ പടേണി കാവിന്റെ പ്രശസ്തി വിളിച്ചറിയിക്കുന്നു. മലദൈവങ്ങളെ വിളിച്ചുചൊല്ലി കാലദോഷമകറ്റുന്ന ഊരാളിയുടെ അരുളപ്പാടുകള്‍ അപ്പൂപ്പന്റെ നാമത്തില്‍ ദിക്കുകള്‍ മുഴക്കുന്നു.

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് ഏറെ പ്രിയപ്പെട്ട ഒരു വഴിപാടാണ് താമ്പൂല സമര്‍പ്പണം. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, ഒരു നാണയം, തെങ്ങിന്‍ കള്ള് എന്നിവ ഒരു തേക്കിലയില്‍ വച്ച് അപ്പൂപ്പന് സമര്‍പ്പിക്കണം. ഭക്തര്‍ എന്താണ് ആഗ്രഹിച്ച് സമര്‍പ്പിക്കുന്നുവോ ആ ഉദ്ദിഷ്ടകാര്യം അപ്പൂപ്പന്റെ അനുഗ്രഹത്താല്‍ നടന്നിരിക്കും എന്ന് അനുഭവസ്ഥര്‍ പറയുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തുന്ന ഓരോ ഭക്തനും താമ്പൂല സമര്‍പ്പണം നടത്തണം. കാരണം ഓരോ മനസ്സിലും ഓരോതരത്തിലുള്ള പ്രയാസം അനുഭവിക്കുന്നവരാണ്. താമ്പൂലം സമര്‍പ്പിച്ച് വിളിച്ചു ചൊല്ലിയാല്‍ സങ്കടങ്ങള്‍ക്ക് അപ്പൂപ്പന്‍ നിവാരണം ഉണ്ടാക്കും എന്നാണ് വിശ്വാസം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹം സര്‍വ്വചരാചരങ്ങള്‍ക്കും എന്നും ഉണ്ടാകും.

താമ്പൂല സമര്‍പ്പണത്തിനായി നൂറുകണക്കിന് ഭക്തരാണ് ദിനവും കാവില്‍ അണയുന്നത്.

Leave a Response