ആശ ധൈര്യത്തേയും, കാലന്‍ സമൃദ്ധിയേയും, ക്രോധം ഐശ്വര്യത്തെയും, പിശുക്കു കീര്‍ത്തിയേയും, സംരക്ഷണമില്ലായ്മ വളര്‍ത്തുമൃഗങ്ങളെയും നശിപ്പിക്കുന്നു. കാമം, ഭയം, ലോഭം, എന്നിവയാലോ ജീവിക്കാന്‍ വേണ്ടിയോ ഒരിക്കലും ധര്‍മ്മത്തെ ഉപേക്ഷിക്കരുത്. സുഖദുഃഖങ്ങള്‍ അനിത്യവും ധര്‍മ്മം നിത്യവുമാണ്. വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയെടുക്കുന്ന മകന്‍ മരിച്ചുകഴിഞ്ഞാല്‍ അച്ഛനമ്മമാര്‍ അല്‍പസമയം കരയുമെങ്കിലും ഏറെത്താമസിയാതെ ആ മൃതശരീരത്തെ ചിതാഗ്‌നിയീല്‍ ദഹിപ്പിക്കുന്നു.
മരിച്ചവന്റെ സ്വത്തുക്കള്‍ മറ്റുള്ളവര്‍ അനുഭവിക്കുന്നു. പുണ്യപാപങ്ങളാല്‍ ബദ്ധനായ മനുഷ്യന്‍ അവയോടു കൂടി പരലോകം പൂകുന്നു. കായ്കനികളില്ലാത്ത വൃക്ഷത്തെ പക്ഷികള്‍ ഉപേക്ഷിക്കുന്നതു പോലെ ആ ശരീരത്തെ ബന്ധുക്കളും സുഹൃത്തുക്കളുംകൂടി ചിതയില്‍ ഉപേക്ഷിച്ചിട്ടു മടങ്ങിപ്പോകുന്നു. അവന്‍ ചെയ്തിട്ടുള്ള സത്കര്‍മ്മങ്ങളോ ദുഷ്‌കര്‍മ്മങ്ങളോ മാത്രം അവനെ പിന്‍തുടരുന്നു. അതുകൊണ്ട് മനുഷ്യന്‍ എത്ര ക്ലേശിച്ചാലും ധര്‍മ്മങ്ങള്‍ മാത്രം അനുഷ്ഠിക്കണം. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നേരേ മനസ്സിലാക്കി പ്രവര്‍ത്തിക്കുമെങ്കില്‍ അങ്ങേക്കു മഹത്തായ കീര്‍ത്തി ലഭിക്കും.
ധൃതരാഷ്ട്രര്‍ വിദുരരേ, നിങ്ങള്‍ നിത്യേന എനിക്കു തരുന്ന ഉപദേശങ്ങള്‍ എല്ലാം വളരെ ശരിയാണ്. അതനുസരിച്ച് എന്റെ വിചാരഗതിയും മാറിയിട്ടുണ്ട്.