Hello
news

ജന്മങ്ങളില്‍ മനുഷ്യജന്മമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്

മനസ്സ്

പുണ്യകര്‍മ്മങ്ങളുടെ ഫലമായിട്ടാണ് ഒരാള്‍ക്ക് മനുഷ്യജന്മം സിദ്ധിക്കുന്നത്. അന്യര്‍ക്കുപകാരം ചെയ്യലാണ് പുണ്യകര്‍മ്മം. ഒരുവന്റെ ഏതുകര്‍മ്മവും അന്യര്‍ക്ക് സഹായകമാകുന്ന രീതിയിലെ അനുഷ്ഠിക്കാവൂ, മനുഷ്യന്‍ ഒരു സമുദായ ജീവിയാണ്. അതുകൊണ്ട് മനുഷ്യസമുദായത്തെ ഒന്നായി കണ്ട് മനുഷ്യര്‍ക്ക് നന്മ വരുന്ന പ്രവൃത്തികളില്‍പ്പെട്ടു ജീവിക്കേണ്ടതാണ്. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് സമാധാനമാണ്. ആ സമാധാനമാവട്ടെ ആര്‍ക്കും നല്ല പ്രവൃത്തികളില്‍കൂടി മാത്രമേ സമ്പാദിച്ച് അനു ഭവിക്കാനാവുകയുള്ളു. ഒരു നല്ല മനുഷ്യനെകൊ ണ്ടുമാത്രമേ നല്ലനല്ല പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കാന്‍ സാധിക്കുകയുള്ളു. ഒരു മനുഷ്യന്‍ നല്ലവനാകുന്നത് അവന്റെ മനസ്സ് ശുദ്ധവും ഏകാഗ്രവുമാവുമ്പോഴാണ്. അങ്ങനെ മനസ്സായി തീരണമെങ്കില്‍ രാവിലെ ഉണര്‍ന്നാലുറങ്ങുന്നതുവരെയുള്ള ഏതുപ്രവൃത്തിയും ഈശ്വരസ്മരണയോടെചെയ്യുന്നതായ ഒരുസ്വഭാവവിശേഷം ബോധപൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമിക്കണം. രാവിലെ എഴുന്നേറ്റ് കാല് നിലത്തുകുത്തുന്നതുപോലും ഈശ്വരസ്മരണയോടെയായിരിക്കണം. എഴുന്നേറ്റുകഴിഞ്ഞാല്‍ ചെയ്യുന്ന പ്രവൃത്തികളൊക്കെ ഈശ്വരനുസമര്‍പ്പിച്ച് ഈശ്വരന്റെ കയ്യിലെ ഒരുപകരണമെന്നപോലെ ഭാവിച്ച് അനുഷ്ഠിക്കാന്‍ അഭ്യസിക്കണം. ഈ അനുഷ്ഠാനത്തിന് ആദ്യമാദ്യം ചില പ്രയാസങ്ങള്‍ നേരിട്ടേക്കാം. അവയെല്ലാം നിഷ്ഠാപൂര്‍വ്വം നേരിട്ട് ജയിക്കാന്‍ കഴിയാറാവണം. ഈശ്വരവിശ്വാസം ദൃഢമായിട്ടുള്ളവര്‍ക്ക് ഇക്കാര്യം വളരെ വേഗത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കും. അങ്ങനെയായാല്‍ മനസ്സില്‍ ഈശ്വരസ്മരണയുടെ പ്രവാഹം നടന്നു കൊണ്ടിരിക്കുന്നതായിട്ട് ആര്‍ക്കും അനുഭവി ക്കാന്‍കഴിയും. ഈശ്വരസ്മരണയോടുകൂടി ചെയ്യുന്ന പ്രവൃത്തി ഒരിക്കലും അന്യര്‍ക്കുപദ്രവം ഉണ്ടാക്കുന്നതായിരിക്കില്ല. അന്യരുടെ ഉള്ളിലും തന്നിലും ഒരേ ഈശ്വരചൈതന്യം ജീവരൂപത്തില്‍ പ്രകാശിച്ചാണ് സകല മനുഷ്യരും ലോകത്തിലെവിടെയും ജീവിക്കുന്നത്. ഈശ്വരീയമായ ഭാവന മനസ്സിലുണര്‍ന്നാല്‍ ഒരുവന്റെ ഏതു പ്രവൃത്തിയും വിജയിക്കുകയും മനസ്സമാധാനം പ്രകാശിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും.

Leave a Response