ആത്മീയ നിയമത്തില്‍, ഒരു കര്‍മം ചെയ്യാനുള്ള വിചാരംതന്നെ മനഃപൂര്‍വമായ കര്‍മമാണ് എന്നര്‍ത്ഥം. ഒരു ഭാഷണവും മനഃപൂര്‍വ പ്രവൃത്തിയാകാം. ഒരാള്‍ക്ക് മനോവിഷമമുണ്ടാക
ത്തക്കവിധം അയാളെ അസഭ്യം പറയുന്നത് ഒരു കര്‍മം ആണ്. അതിനാല്‍, കര്‍മം എന്നാല്‍, ‘ശരീരം, മനസ്സ്, സംസാരം എന്നിവയാല്‍ മനഃപൂര്‍വം ചെയ്യുന്നതെന്തും’ ആകുന്നു.
കെട്ടിടനിര്‍മാണം, രോഗിശുശ്രൂഷ, ക്രൂരമൃഗത്തിന്റെ കൊല എല്ലാം ശരീരംകൊണ്ട് ചെയ്യുന്ന കര്‍മങ്ങള്‍ ആണ്. ആശയം, ആസൂത്രണം, ധ്യാനം എന്നിവയെല്ലാം മനസ്സുകൊണ്ടുള്ള കര്‍മങ്ങള്‍ ആണ്. അധ്യാപനം, ഗാനാലാപനം, പ്രകീര്‍ത്തനം എന്നിവയെല്ലാം സംസാരംകൊണ്ടുള്ള കര്‍മങ്ങള്‍ ആണ്. ജീവിതം നിരന്തര കര്‍മപരമ്പരയാണ്. ശരീരം, മനസ്സ്, സംസാരം എന്നിവവഴി എന്തെങ്കിലും കര്‍മം ചെയ്യാതെ ഒരാളും ഒരുനിമിഷവും പാഴാക്കുന്നില്ല എന്നു ഗീത (3:5) നിരീക്ഷിക്കുന്നു. ശരീരംകൊണ്ട് ഒന്നും ചെയ്യുന്നില്ലെങ്കില്‍, മനസ്സുകൊണ്ട് ചെയ്യുന്നുണ്ടാകാം. ശ്വാസോച്ഛ്വാസം, സ്വപ്നം കാണല്‍ തുടങ്ങിയ പ്രവൃത്തികള്‍ മനഃപൂര്‍വമല്ല. മനഃപൂര്‍വമായവ മാത്രമാണ് കര്‍മങ്ങള്‍.