

ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്.
കേരളം പരശുരാമനാല്‍ സൃഷ്ടിതമായ പുണ്യഭൂമി. പുല്ലിനേയും പുഴുക്കളേയും മണ്ണിനേയും മരങ്ങളേയും സര്‍വ്വ പ്രപഞ്ചസത്യത്തേയും ഈശ്വരചൈതന്യമായി കാണുന്ന പുണ്യ സ്ഥലം.എന്തിനേയും ഏതിനേയും മനസ്സിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് ശാന്തി കവാടം തുറക്കുന്ന ക്ഷേത്ര സങ്കല്പങ്ങള്‍.
ആരാധനാലയങ്ങളില്‍ കലുഷിതമായ മനസ്സുമായി ചെന്നെത്തുമ്പോള്‍ തങ്ങള്‍ ആശ്രയിക്കുന്ന രൂപത്തിനു മുന്നില്‍ സകല സങ്കടങ്ങളും ഇറക്കിവയ്ക്കുമ്പോള്‍ തിരമാലകള്‍പ്പോലെ അലയടിക്കുന്ന ചിന്തകള്‍ക്ക് അല്പം കടിഞ്ഞാണിടാനും മനഃസമാധാനം എന്ന മഹാ ഔഷധത്തിന്റെ ഒരു തുള്ളി നുകര്‍ന്ന് ആത്മ ഹര്‍ഷത്താല്‍ സംഘര്‍ഷമൊഴിഞ്ഞ മനസ്സുമായി ഗൃഹത്തിലണയുന്നവര്‍ എന്നും പ്രാര്‍ത്ഥനയിലാണ്… ദൈവം രക്ഷിക്കും എന്ന വിശ്വാസം കൂടെയുണ്ട്.
ആര്‍പ്പ് വിളികളാല്‍ മുഖരിതമാവുകയാണ് ദേശത്തിന്റെ ആഘോഷങ്ങളുടെ നിലപാടു തറകള്‍. പൂരത്തിനും, പെരുന്നാളിനും കൊടിക്കൂറ പൊങ്ങിയാല്‍ …. കാഴ്ചകളായി. കാഴ്ചപ്പൂരമായി. ആവര്‍ത്തിക്കുന്നത് ആചാരവും, അനുഷ്ഠാനവും മാത്രം. പത്തു പുത്രന്മാര്‍ക്ക് സമം ഒരു വൃക്ഷം എന്നതാണ് ശരി. വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട കാവുകള്‍ ജീവശ്വാസത്തിന്റെ നിറകുടമാണ്. ആദ്യം കാവുകള്‍ ഉണ്ടായി. കാവുകളില്‍ ഈശ്വര സാന്നിധ്യം ഉണ്ടെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു. അവിടെ ദേവതമാരുണ്ടായി. കാവുകള്‍ ക്ഷേത്രമായതും ദേവതമാര്‍ ദേവിമാരായതും പില്‍കാല ചരിത്രം. കാവുകളില്‍ വച്ച് നീതിയും അനീതിയും സത്യവും അസത്യവും വേര്‍തിരിഞ്ഞു. അങ്ങിനെ കാവുകള്‍ സങ്കേതങ്ങളായി. കാവുകളിലെ സത്യത്തിന് ശക്തിയുണ്ടായപ്പോള്‍ ആരാധനയ്ക്കായി കാവുകളില്‍ ബിംബപ്രതിഷ്ഠ ഉണ്ടായി. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവുകളില്‍ സത്യവും, നീതിയും കെടാവിളക്കാവുന്നു.